
പലരെയും ഏറ്റവും കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ് നല്ല പ്രവൃത്തി എത്ര ശ്രമിച്ചാലും ശീലമാവുന്നില്ല എന്നതും എന്നാൽ മോശം പ്രവൃത്തികൾ വളരെ പെട്ടെന്ന് തന്നെ ശീലമാവുന്നു എന്നതും. ഇക്കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിന് മുമ്പ് നമുക്ക് മനസ്സിനെ പറ്റി അടിസ്ഥാന പരമായ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
മനുഷ്യ മനസ്സ് സദാ സംതൃപ്തി തേടുന്ന ഒന്നാണ്. എപ്പോഴും സുഖാവസ്ഥയിൽ (Comfort zone) അഭിരമിക്കാനാണ് അത് ആഗ്രഹിക്കുന്നത്. ഈ സുഖാവസ്ഥ പിന്നീട് ലഭിച്ചാൽ പോരാ; ഉടൻ ലഭിക്കണം എന്നതാണ് മനസ്സിൻ്റെ വാശി. അതായത് instant reward പെട്ടെന്ന് തന്നെ സംതൃപ്തി ലഭിക്കണം. അത്കൊണ്ട് തന്നെ പിന്നീട് എത്ര വലിയ സംതൃപ്തി നൽകാമെന്ന് പറഞ്ഞാലും മനസ്സ് കേട്ടുകൊള്ളണമെന്നില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശസ്തമായ ഒരു റിസർച്ചാണ് വാൾട്ടർ മിഷെൽ നടത്തിയത്. മാർഷ്മെല്ലോ എന്നറിയപ്പെടുന്ന ടെസ്റ്റിൽ ഒരോ കുട്ടിയ്ക്കും മിഠായി കൊടുത്തു. 15 മിനുറ്റ് വരെ അത് കഴിക്കരുതെന്ന് നിർദേഷവും നൽകി. നിർദേശം അനുസരിക്കുന്നവർക്ക് കൂടുതൽ ചോക്ലേറ്റും വാഗ്ദാനം ചെയ്തു. പക്ഷെ, 600 കുട്ടികളിൽ ഭൂരിപക്ഷം കുട്ടികളും ടെസ്റ്റിൽ പരാജയപ്പെട്ടു. ഈയൊരു ടെസ്റ്റിൽ നിന്നാണ് നല്ലൊരു ശതമാനവും പെട്ടെന്നുള്ള സംതൃപ്തിയാണ് ആഗ്രഹിക്കുന്നത് എന്ന് ബോധ്യമായത്.
ഈയൊരു ടെസ്റ്റിൻ്റെ ഭാഗമായി മറ്റൊരു രസകരമായ കാര്യവും കണ്ടെത്തി. ക്ഷമയോടെ മിഠായി കാത്തിരുന്ന കുട്ടികൾ പിൽക്കാലത്ത് ഉന്നത ജീവിത നിലവാരം പുലർത്തുന്നതായും കണ്ടെത്തി. ചുരുക്കി പറഞ്ഞാൽ സംതൃപ്തിയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് (Delayed gratification) ജീവിതത്തിൽ ഉന്നത നിലവാരമുണ്ടാവുമെന്ന് സാരം.
ഇനി വിഷയത്തിലേക്ക് കടക്കാം. എല്ലാ മോശ ശീലങ്ങൾ എടുത്തു നോക്കിയാലും ഉടൻ തന്നെ സംതൃപ്തി നൽകുന്ന കാര്യങ്ങളാണ്. ഉദാഹരണമായി; ലഹരി ഉപയോഗം, ഫോൺ ഉപയോഗം, നീട്ടി വെയ്ക്കൽ, മോഷണം, വാശി പിടിക്കൽ എന്നിവ. പക്ഷെ, ഇതിൻ്റെ അനന്തര ഫലങ്ങളൊക്കെ വളരെ മോശവുമായിരിക്കും. എന്നാൽ പെട്ടെന്ന് സംതൃപ്തി കിട്ടുന്നത് കൊണ്ട് നമ്മുടെ മസ്തിഷ്കം അത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ നിർദ്ദേശം നൽകുന്നു.
എന്നാൽ നല്ല ശീലങ്ങൾ എടുത്തു നോക്കിയാൽ അതിൻ്റെ ഗുണങ്ങളൊക്കെ വളരെ വൈകിയാണ് ലഭിക്കുക. ഉദാഹരണമായി; വ്യായാമം, പഠനം, അനുസരണ എന്നിവയൊക്കെ എടുത്തു നോക്കിയാൽ നമ്മുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ എത്തിച്ച് തരും. പക്ഷെ, പിന്നീടാണെന്ന് മാത്രം. അത് കൊണ്ട് തന്നെ മനസ്സ് ഇത്തരം പ്രവൃത്തികൾക്ക് വല്യ താൽപര്യം കാണിക്കുകയില്ല.
Sahid Payyannur
Chief Psychologist
InCare Psychological Service Centre (Payyannur, Malappuram, Edappal)