
ഞാൻ പയ്യന്നൂർ AWH ൽ പഠിപ്പിക്കുന്ന കാലം ചെറുപുഴയ്ക്ക് അടുത്ത് നിന്ന് ഒരുമ്മ സ്ഥിരം കോളേജിൽ വരുമായിരുന്നു. Differently Abled ആയ തന്റെ മകന് സൈക്കോ തെറാപ്പി ചെയ്യാനാണ് വരവ്. സൈക്കോ തെറാപ്പി കഴിഞ്ഞ് കുട്ടിക്ക് സ്പീച്ച് തെറാപ്പിക്ക് വേണ്ടി സഹകരണ ഹോസ്പിറ്റലിലും പോവേണ്ടതുണ്ട്. സംസാരത്തിനും കുട്ടിക്ക് പ്രശ്നമുണ്ടായിരുന്നു..
ചെറുപുഴയിൽ നിന്നു പയ്യന്നൂരിലേക്ക് ഒരു മണിക്കൂറിലേറെ യാത്രയുണ്ട്. നിങ്ങളൊന്നാലോചിച്ച് നോക്കിയേ.. പയ്യന്നൂരിലേക്ക് രാവിലെ 9.30 നു എത്തണമെങ്കിൽ മിനിമം 8.00 മണിക്കെങ്കിലും പുറപ്പെടണം. പയ്യന്നൂരിലെത്തി കഴിഞ്ഞാലോ, ഞങ്ങൾക്ക് ക്ലാസോ മറ്റു പരിപാടിയോ ഉണ്ടെങ്കിൽ നീണ്ട കാത്തിരിപ്പ്. ശേഷം സ്പീച്ച് തെറാപ്പിയും കഴിയുമ്പോൾ ഉച്ച കഴിയും.. ഇത് ഒരു ദിവസമല്ല. ആഴ്ചയിൽ അഞ്ച് ദിവസവും ഇത് തന്നെ ഏർപ്പാട്.
എന്തിരുന്നാലും ആ ഉമ്മ വളരെ സന്തോഷവതിയാണ്. ആ തന്റെ കുട്ടിയുടെ സംസാരത്തിലും മറ്റും വല്യ പുരോഗതിയുണ്ട് എന്നാണ് ആ ഉമ്മയുടെ പക്ഷം. പക്ഷെ, എന്റെ വിദ്യാർത്ഥിനികളിൽ ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. ” സാറെ കാര്യമായിട്ട് മാറ്റമൊന്നും കാണുന്നില്ലല്ലോ.”
ഞാനെന്ത് പറയാൻ, ചെറിയ മാറ്റങ്ങൾ പോലും കാണാനും അതിൽ സന്തോഷം പ്രകടിപ്പിക്കാനും അവരാരും ഉമ്മയല്ലല്ലോ..
ഈയിടെ സർക്കാർ ഓഫിസിൽ ജോലി ചെയ്യുന്ന ഒരു സഹോദരൻ പറഞ്ഞ ഒരു അനുഭവവും കൂട്ടി വായിക്കാം.
തന്റെ ഓഫിസിലേക്ക് ഒരു മധ്യ വയസ്കൻ കയറി വന്നു. നിശബ്ദനായി ഒരു മൂലയ്ക്കരികെ ഒരുപാട് സമയം നിന്നതിനാലാവണം ചെറിയൊരലിവ് ജോലിക്കാരന് അയാളോട് തോന്നി.
“താങ്കൾ എന്തിനാ വന്നത്, ? ” മരണ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ. മുഖം താഴ്ത്തികൊണ്ട് ആ മധ്യ വയസ്കൻ പറഞ്ഞു.
” ആരുടെ ” എന്ന ചോദ്യത്തിന് “എന്റെ മക്കളുടെ ” എന്ന ഉത്തരം ഓഫീസ് ജീവനാക്കാരെ ഉലക്കി കളഞ്ഞു.
പതിനൊന്നും പന്ത്രണ്ടും വയസ്സായ മക്കൾ, എങ്ങനെ ?
ആ മധ്യവയസ്കൻ തന്റെ ജീവ ചരിത്രം ചുരുക്കി പറഞ്ഞു. ഞങ്ങൾ കുടുംബത്തോടെ ഗൾഫിലായിരുന്നു. മോൾ ജനിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഭാര്യ വീണ്ടും ഗർഭിണിയായി. ഇത്തവണ പ്രസവിച്ചത് ഇരട്ട കുട്ടികളെയായിരുന്നു. മാസം തികയാത്ത കുട്ടികൾ, വളർച്ചയിലും വളരെ പിറകിലായിരുന്നു. ഒന്നിനും റെസ്പോൻസ് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ.
കുട്ടികളെ ഓർത്ത് ഞാനും ഭാര്യയും ഒരു തീരുമാനത്തിലെത്തി. ഗൾഫിലെ ഉയർന്ന ജോലി രാജി വെക്കാം. നാട്ടിലെ കുറച്ച് വാടക കെട്ടിടമുണ്ട്. അതിലെ വാടക കൊണ്ട് ജീവിക്കാം. കുട്ടികളെ നന്നായി നോക്കുകയും ചെയ്യാം.
കുട്ടികളിലെ ഒരോ ചെറിയ മാറ്റവും ഞങ്ങളെ സന്തോഷിപ്പിച്ചു.
” എന്റെ സാറെ, ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം ഏതെന്നറിയോ..? എനിക്ക് ജോലി കിട്ടിയ ദിവസമോ, ഞാൻ കല്യാണം കഴിച്ച ദിവസമോ ഒന്നുമല്ല. എന്റെ മകൻ ചിലപ്പോൾ പ്രത്യേക ശബ്ദത്തിൽ കരയും, വിശക്കുമ്പോഴാണ് അവൻ അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാനേറ്റവും സന്തോഷിച്ചത്..”
പക്ഷെ, അവരെ പരിചരിക്കാൻ ദൈവം ഒരുപാട് അവസരമൊന്നും തന്നില്ല. ഒരു മോൻ പതിനൊന്നു വയസ്സിൽ പോയി, രണ്ടാമത്തെ മകൻ പന്ത്രണ്ട് വയസ്സിലും.”
എങ്കിലും എനിക്ക് സങ്കടമില്ല, ദൈവം ഈ മക്കളെ നോക്കാൻ എന്നെ ഏൽപ്പിച്ചല്ലോ എന്നതും, അവരുടെ ഒരോ വളർച്ചയിലുണ്ടായ സന്തോഷവും ഓർത്ത് ഞാനെന്നും ജീവിക്കും.
അതെ, നമ്മിൽ പലരും ഈ പ്രയാസമറിയാത്തവരാണ്. അവരൊക്കെ മക്കളെ അക്കാഡമിക്കലായി ഉയർത്താനുള്ള ശ്രമത്തിലാണ്. അതിനായി ക്ലാസിനു മേലെ ട്യൂഷനും. ലഭിച്ച അനുഗ്രഹങ്ങളെ ഓർത്ത് വേനലവധിക്കെങ്കിലും കുട്ടികളെ വെറുതെ വിട്ടിരുന്നെങ്കിൽ…!
~ സാഹിദ് പയ്യന്നൂർ